Wednesday 5 March 2014

അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

അമ്പിട്ടൻതരിശിലെ കരിങ്കൽ ക്വാറികൾക്കെതിരായ സമരം ശക്തമാകവേ ഭരണകൂടവും പോലീസും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിക ലുമെല്ലാം ഒരു വശത്തും സമരം ചെയ്യുന്ന ജനങ്ങൾ  മറുവശത്തുമായി വളരെ വ്യക്തമായ ധ്രുവീകരണം നടന്നിരിക്കുന്നു. ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച് സമരത്തിനു സജ്ജരായപ്പോൾ തന്നെ കോളനികളിൽ മാവോയിസ്റ്റ് ലുക്ക് ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് പോലീസ് നയം വ്യക്തമാക്കി. തുടർന്ന് കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന തരത്തിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും  വ്യാപക പ്രചാരണം നടത്തുകയും ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സമര സമിതി പുറത്തിറക്കിയ പ്രസ്താവനയാണ് താഴെ


അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

2009 മുതൽ അമ്പിട്ടൻതരിശിൽ പ്രവർത്തിച്ചുവരുന്ന ക്വാരികൽക്കും ക്രഷർ യൂണിറ്റിനുമെതിരെ ജനങ്ങൾ നടത്തുന്ന സമരത്തെ നുണപ്രചാരണങ്ങളിലൂടെ അട്ടിമറിക്കാൻ സർക്കാരും പോലീസും നടത്തുന്ന നീക്കങ്ങളെ അമ്പിട്ടൻതരിശ് ക്രഷർ ക്വാറി വിരുദ്ധ സമര സമിതി ശക്തമായി അപലപിക്കുന്നു.

ക്വാറികളും ക്രഷറും പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അമ്പിട്ടൻതരിശിലെ ജനങ്ങൾ കടുത്ത ജീവിത പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വീടുകളുടെ തകർച്ച, കുടിവെള്ള ക്ഷാമം,റോഡുകളുടെ തകർച്ച, കൃഷി നാശം, പലവിധ ശാരീരിക അസ്വസ്ഥതകൾ എന്നിവമൂലം സഹികെട്ട ജനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതി നൽകിയിരുന്നു.  എന്നാൽ അധികാരികളും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും ക്വാരികൽക്കനുകൂലമായ നിലപാട് സ്വീകരിച്ച്ചതുമൂലമാണ് സമരരംഗത്തേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിതരായത്. എന്നാൽ ജനങ്ങൾ സംഘടിക്കുന്നതിനെ തുടക്കം മുതലേ എതിർത്തിരുന്ന പോലീസ് സമരം തുടങ്ങുന്നതിനുമുന്പ് തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം നടത്തി അമ്പിട്ടൻതരിശിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 2014 ഫെബ്രുവരി 23 ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി, ഡോ. വി എസ് വിജയൻ, അഡ്വ പി എ പൗരൻ എന്നിവർ പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെന്ഷന് പോലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരുന്നു.


ഈ കള്ള പ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അമ്പിട്ടൻതരിശ് ഉൾപ്പടെയുള്ള ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്നും പരിശോധന ശക്തമാക്കുകയാണെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിട്ടുള്ളത്. നുണപ്രചാരണം നടത്തി സമരത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. നുണപ്രചാരണത്തിനുവേണ്ടി ചെലവഴിക്കുന്ന കാശിന്റെയും, പ്രയത്നത്തിന്റെയും പകുതിപോലും സമരം അവസാനിപ്പിക്കുന്നതിനായി അധികാരികൾ  ചെലവിടുന്നില്ല എന്നത് അപലപനീയമാണ്. ഫെബ്രുവരി 25 ന് പാലക്കാട് ജില്ലാ കളക്ടർക്ക് സമര സമിതി നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ ചെയ്യാൻ ആർഡി ഓ യോട് കലക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നേവരെ ആർ ഡി ഓ സ്ഥലം സന്ദർച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അധികാരികൾ ക്വാരിയുടമകളെ സഹായിക്കുന്നതിനായാണ് സമരത്തിനെതിരെ നുണ പ്രചാരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമരത്തിനെതിരായ നുനപ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ക്വാറികളും ക്രഷർ യൂണിറ്റും അടച്ചുപൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സമരസമിതി ആവശ്യപ്പെടുന്നു.

എന്ന്

വി കെ മുരളി
ചെയർമാൻ

അമ്പിട്ടൻതരിശ് ക്രഷർ -ക്വാറി വിരുദ്ധ സമര സമിതി  

No comments:

Post a Comment