Saturday 5 April 2014

ജനങ്ങൾ Vs ക്വാറി മാഫിയ , കോണ്‍ഗ്രസ്സുകാരും , സി . പി . എം കാരും , പോലീസും പിന്നെ മറ്റുള്ളവരും

 (അമ്പിട്ടൻതരിശ്ശിൽ നിന്നുള്ള കുറിപ്പുകൾ)



 23 ഫെബ്രുവരി 2014 - അമ്പിട്ടൻതരിശ്ശിലെ ക്വാറി ക്രഷർ യുണിറ്റുകൾക്കെതിരായ ജനകീയ സമിതി സംഘടിപ്പിച്ച മീറ്റിങ്ങിനു മുൻപായി കയ്യെഴുത്തിലുള്ള ഏതാനും പരുക്കൻ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . അതിലെ മലയാളത്തിലുള്ള കയ്യെഴുത്തിൽ  നിന്നും കാര്യങ്ങൾ വായിച്ചെടുക്കാൻ ഞാൻ ശ്രമിച്ചുഎന്നാൽ അതിലെ എടുത്തു നിൽക്കുന്ന ചിത്രീകരണങ്ങൾ മാത്രം  മതിയായിരുന്നു എല്ലാം വ്യക്തമാകാൻ . കെ.എസ്.എം ലോറി - ജനങ്ങൾ പ്രതിഷേധിക്കുന്നു - കൂടുതൽ ടിപ്പർ ലോറികൾ - കൂടുതൽ പ്രതിഷേധങ്ങൾ. ക്വാറിക്കെതിരായ മുദ്രാവാക്യങ്ങൾ റോട്ടിലും എഴുതുകയും ഒട്ടിക്കുകയും ചെയ്തിരുന്നു.

 ഞങ്ങൾ അവിടെ പോകാൻ തീരുമാനിച്ചു . ക്വാറിയിലേക്കുള്ള വഴിയിൽ ബസ് സ്റ്റാൻടിനകത്തുള്ള ഒരു ചുവപ്പ്-തവിട്ടു പോസ്റ്ററിൽ നിന്നും ലെനിൻ തന്റെ മുഷ്ഠി വായുവിലെക്കുയർത്തി കൊണ്ട് തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നു . പ്രാദേശിക മാർക്സിസ്റ്റ്‌ സഖാക്കൾ സന്തോഷത്തോടെ ക്വാറി മാഫിയയ്ക്ക് പിന്നാലെ  ഓടുമ്പോൾ നമ്മൾ ലെനിനെ എങ്ങനെ നോക്കിക്കാണുംഅവസരവാദികളായ ഒത്തുതീർപ്പുകാരായ ഇത്തരം "കമ്മ്യുണിസ്റ്റു" കൾ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുമ്പോൾ പാറ - ഖനന മാഫിയയെ അല്ലെ സഖാവ് ലെനിൻ ജനങ്ങളെ ഒർമ്മിപ്പിക്കുക അദ്ദേഹത്തെ ക്വാറി ലെനിൻ ആയല്ലേ ജനങ്ങൾ കാണുക ജനങ്ങളോടുള്ള ഐക്യദാർഡ്യത്തിൽ അദ്ദേഹം രഹസ്യമായി ഒരു തുള്ളി കണ്ണീർ വാർത്തോ?

**
ദൈവത്തിനും സർക്കാർ ജീവനക്കാർക്കും അവരുടെ ഞായറാഴ്ച്ച വിശ്രമം ആവശ്യമുണ്ട് . എന്നാൽ ക്വാറി മാഫിയ അക്ഷീണരും വിശ്രമമില്ലാത്തവരുമാണ് . പ്രകീർത്തിക്കപ്പെട്ട അഭയാർത്ഥി ക്യാമ്പുകളെപ്പോലെ തോന്നിച്ച ആദിവാസി വീടുകൾ പിന്നിട്ടുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകുമ്പോൾ ഞങ്ങൾ ക്വാറികളെപ്പറ്റികേട്ടു . 

ചെറിയ കുന്നിൻമുകളിൽ എത്തുന്നതിനു ഏറെ മുൻപ് തന്നെ ലോറികൾ ട്രിപ്പടിക്കുന്നത് ഞങ്ങൾ കണ്ടു . ദിവസേന 200 ലധികം ഈ ലോറികൾ ട്രിപ്പടിക്കുന്നു എന്നും തുടർച്ചയായ ഈ യാത്രകൾ അവരുടെ ജീവനോപാധിയായ റബ്ബർ - വാഴ തോട്ടങ്ങളെ നശിപ്പിക്കുന്നു എന്നും അവിടുത്തെ ജനങ്ങൾ പറയുന്നു .

മുട്ടു വിറപ്പിക്കുന്ന ഹർത്താലുകളുടെയും സമരങ്ങളുടെയും തനതായ ശൈലിയുള്ള കേരളത്തിൽ ക്വാറി ക്രഷർ മുതലാളിമാർ ആഹ്വാനം ചെയ്ത ഫെബ്രുവരി 17 ന് ആരംഭിച്ച അനിശ്ച്ചിത കാല സമരത്തെയും വകവയ്ക്കാതെയാണ് ഈ ക്വാറി പ്രവർത്തിക്കുന്നതെന്ന് ഒരു സുഹൃത്ത് ഓർമിപ്പിച്ചു . ക്വാറി മാഫിയ സന്തുഷ്ടവ്രുന്ദമാണെന്നാവും നമ്മൾ കരുതുക. എന്നാൽ അവരും ഇന്ന് സംസ്ഥാന സർക്കാരുമായി സൗന്ദര്യപ്പിണക്കത്തിലാണെന്നു തോന്നുന്നു . അവർ മണലിന്റെയും ഗ്രനൈറ്റിന്റെയും വില്പ്പന നികുതി വർദ്ധിപ്പിച്ചതിനെതിരെ സമരത്തിലാണ് . 6 മീറ്ററിലധികം കുഴിക്കാനുള്ള അനുവാദം കൊടുക്കത്തതിനെതിരെ സമരത്തിലാണ് . 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവർ കുന്നുകളെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനുള്ള അവകാശമാണ് ആവശ്യപ്പെടുന്നത് . അവരുടെ തന്നെ സമരം നടന്നു കൊണ്ടിരിക്കെത്തന്നെ അവർ കുന്നുകളെ തകർത്ത് കല്ലുകളാക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു . അതിനെതിരായ സംസാരങ്ങളും പശ്ചിമ ഘട്ടത്തെ പോലെത്തന്നെ കാർന്നു തിന്നപ്പെട്ടുകൊണ്ടിരിക്കുന്നു .




പശ്ചിമഘട്ടത്തെ തന്നെ വേഗത്തിൽ ക്വാറികൾ ഇല്ലാതാക്കിയെക്കാമെന്നുംഅന്ന് കേരളത്തിൽ നിന്ന് നോക്കിയാൽ നമുക്ക് തമിഴ്നാട് കാണാനായേക്കുമെന്നും ഒരു ലാഘവ നിമിഷത്തിൽ മറ്റൊരു സഖാവ് എന്നോട് പറഞ്ഞു . പശ്ചാത്തലത്തിൽ ക്വാറി മുരണ്ടു കൊണ്ടേയിരുന്നു

 ****
ആ പ്രതിഷേധ പോസ്റ്ററുകളും ,ഇന്നത്തെ മീറ്റിങ്ങ് അറിയിച്ചു കൊണ്ടുള്ള ലഘുലേഖകളും അതിന്റെ ഫോട്ടോ കോപികളും മാത്രമല്ല ഇന്ന് അമ്പിട്ടൻ തരിശ്ശിലുള്ളത് . 30 ഡിസംബർ 2013 നു കേരളത്തിലെമ്പാടും നിന്നുള്ള സഖാക്കൾ സംയുക്ത ആക്ഷൻ കൌണ്‍സിലിന്റെ മീറ്റിങ്ങിൽ പങ്കെടുത്തതിനു രണ്ടു ദിവസത്തിനു ശേഷം പോലീസ് അവരുടെ ആവനാഴിയിലെ ഏറ്റവും പ്രിയപ്പെട്ട ആയുധം പുറത്തെടുത്തു -"ചുവപ്പൻ ഭീതി " ...  ഉടനെത്തന്നെ അമ്പിട്ടൻ തരിശ്ശു ഗ്രാമത്തിലും ചുറ്റുമുള്ള പരിസര പ്രദേശങ്ങളിലും "മാവോയിസ്റ്റ് ലുക്ക്‌ ഔട്ട്‌ " നോട്ടിസ് പതിച്ചു . അതിൽ ഒരു നോട്ടിസ് കാണാൻ എനിക്കും അവസരം കിട്ടി - 12 ഭീകര മാവോയിസ്റ്റുകളുടെ ഫോട്ടോകൾക്ക് പുറമേ വിവിധ പത്രങ്ങളിൽ നിന്നുള്ള ഹെഡ് ലൈനുകളും അതിലുണ്ടായിരുന്നു .നോക്കിയതിൽ നിന്നും  "ടൈംസ് ഓഫ് ഇന്ത്യ " , "മലയാള മനോരമ", "മാതൃഭൂമി " തുടങ്ങിയവയാണ്  അവർക്ക് പ്രിയപ്പെട്ടതായി കാണപ്പെട്ടത്. " മാവോയിസ്റ്റുകൾ തങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്കായി 10000 കുട്ടികളെ റിക്രൂട്ട് ചെയ്തിരിക്കുന്നു " ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു തലവാചകം പറയുന്നു . 10000 കുട്ടികൾ ഓടി നടന്ന് മാവോയിസ്റ്റുകളെ സഹായിക്കുക എന്ന കാര്യം തീർച്ചയായും ഭീതിയുണ്ടാക്കുന്നതാണ് . അടിത്തട്ടുകളിലെ യാഥാർഥ്യങ്ങൾക്ക് ചെവിയോർക്കാതെ സൈന്യത്തിന്റെയോ പോലിസിന്റെയോ ഭാഷ്യത്തിൽ വശം വദരാവുന്നവരാണ് മുഖ്യധാരാ മാധ്യമങ്ങൾ എന്നറിയുന്ന ആരെയും ഇത് ഭീതിയിലാഴ്ത്തുകയില്ല .

അല്പ  നേരത്തേക്ക് നമുക്ക് ഈ സങ്കടകരമായ  പോസ്റ്ററുകളുടെ കാര്യം മാറ്റി നിർത്താം

 **
നേരിട്ടുള്ള പ്രയോഗം അങ്ങനെയല്ലാതെ പോലീസ് എങ്ങനെയാണ് അതിന്റെ ഭയപ്പെടുത്തലിന്റെ അധികാരത്തെ ഉപയോഗിക്കുന്നത് അങ്ങനെ അല്ലാതെ എങ്ങനെയാണ് അവർ അവരുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സമൂഹത്തെ നിലനിർത്തുന്നത് ക്വാറിക്കെതിരെ തന്റെ ഒരു ചെറിയ പ്രതിഷേധ സ്വരമുയർത്തിയതിനു കിഴക്കഞ്ചെരിയിലെ ഒരു യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തിയത് ശബ്ദമടക്കിയില്ലെങ്കിൽ അയാളുടെ പാസ്സ്പോർട്ട് പിടിച്ചു വയ്ക്കുമെന്നും വിദേശത്തു ജോലി തുടരാനാവില്ലെന്നും പറഞ്ഞാണ് . സ്റ്റാമ്പു വച്ച പാസ്സ്പോർട്ട് പിടിച്ചു വയ്ക്കലാണിവിടെ നിശബ്ദത . നിശ്ശബ്ദത അന്യായമായ ഒരു ഇടപെടലാണ് തൊഴിൽ ഇല്ലാതാവുമെന്ന ഭീഷണിയാണ്
നിശ്ശബ്ദത.

ദുരുപയോഗം ചെയ്യാനാകുന്ന മറ്റെന്തൊക്കെ അധികാരങ്ങളാണ് പോലീസിനുള്ളത് കൊച്ചി ആസ്ഥാനമായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ തുഷാർ സാരഥി എന്റെ ഒരു പഴയ സുഹൃത്താണ് . ഇപ്പോഴത്തെയും . അമ്പിട്ടൻതരിശ്ശിൽ അദ്ദേഹത്തെ കണ്ടു ഞാൻ സന്തോഷിച്ചു . അദ്ദേഹം മറ്റു കുറെ സഖാക്കളോടൊപ്പം തിരക്കിലായിരുന്നു സമരത്തിന്റെ ഇത് വരെയുള്ള ചരിത്രം എനിക്ക് അവർ പറഞ്ഞു തരികയായിരുന്നു .



വീട്ടിൽ വന്നതിനു ശേഷം ഈ സമരത്തെക്കുറിച്ച് എഴുതുന്നതിനു വേണ്ടി അതിനെപ്പറ്റി കൂടുതൽ അറിയാനായി ശ്രമിക്കുന്നതിനിടയിൽ ഈ വർഷം ജനുവരി 20ആം തിയ്യതിയിലെ ഒരു വാർത്ത കാണാനിടയായി . എന്നോട് പറയാൻ ആർക്കും സമയം കണ്ടെത്താനാവാതിരുന്ന ഒരു കഥയെപ്പറ്റി ഞാൻ അറിയുകയായിരുന്നു . തന്റെ ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാനായി തുഷാർ നിർമ്മൽ സാരഥി കേരള ആഭ്യന്തര വകുപ്പ് സെക്രട്ടറിയ്ക്കും ,ഡി . ജി . പിക്കും എഴുതിയിരിക്കുന്നു . ഡിസംബർ 30 നു അമ്പിട്ടൻ തരിശ്ശിലെ അനധികൃത ക്വാറിക്കെതിരായ ഒരു മീറ്റിങ്ങിൽ തുഷാർ പങ്കെടുത്തതിനുശേഷം മംഗലം ഡാം പോലീസ് അദ്ദേഹത്തിന്റെ മൊബൈൽ ഫോണ്‍ ചോർത്തിക്കൊണ്ടിരുന്നതിനെപ്പറ്റി വാർത്ത റിപ്പോർട്ടിൽ പറയുന്നു . അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മംഗലം ഡാം പോലീസിൽ നിന്നും ഫോണ്‍ കോളുകൾ ലഭിച്ചു . അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും അവർ എങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അന്വേഷിച്ചുകൊണ്ടായിരുന്നു കോളുകൾ . എന്തിനാണ് തങ്ങളെ ഇങ്ങനെ വിളിച്ചതെന്ന് ചോദിച്ച അവരോട് പോലീസ് വളരെ ലാഘവത്തോടെ പറഞ്ഞു അവർക്ക് ഈ നമ്പറുകൾ കിട്ടിയത് തുഷാറിന്റെ ഫോണ്‍ കോൾ ലിസ്റ്റിൽ നിന്നാണെന്ന്.
 ജനാധിപത്യത്തിന് സ്വാഗതം !!!
 ****
ഫെബ്രുവരി 23 ന് പ്രതിഷേധ ദിവസം - സമര സ്ഥലത്ത് പോലീസ് എന്താണ് ചെയ്തത് ?  മൈക്ക് ഉപയോഗിക്കാനുള്ള അനുമതി അവർ നിഷേധിച്ചു . അവർ അതിനു കാരണമൊന്നും കാണിച്ചില്ല . ഒരു നിയമ നടപടിക്കുള്ള സാധ്യത പോലും ഇല്ലാതാക്കിക്കൊണ്ട് അവർ ഈ തീരുമാനം സംഘാടകരെ അറിയിച്ചത് അവസാന നിമിഷത്തിലാണ് . ഒരു ഹാൻഡ് മൈക്ക് ഉപയോഗിക്കാൻ സംഘാടകർ തീരുമാനിച്ചു . ഇവിടെ ഏറ്റവും നൈസർഗ്ഗികമായ ഒരു പ്രതിഷേധത്തിൽ നമ്മൾ കണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്ത്യ കൂദാശയാണ്. എന്റെ മലയാളി സുഹൃത്തുക്കൾ ഇടി വണ്ടി എന്ന് വിളിക്കുന്ന വലിയ ലഹള നിയന്ത്രണ വാനും കൊണ്ടാണ് പോലീസ് വന്നത് . റബ്ബർ മരങ്ങളുടെ താഴെ സംഘടിക്കപ്പെട്ട മീറ്റിംഗിൽ ഏതാണ്ട് മുഴുവൻ ഗ്രാമവും ഒത്തുചേർന്നിരുന്നു. സമാധാനത്തെ ഭങ്ജിച്ചിരുന്ന ഒരേ ഒരു സാന്നിദ്ധ്യം പോലീസിന്റെതായിരുന്നു . അവർ ഒരുപാട് പേരുണ്ടായിരുന്നു . അവർ ഒരോരുത്തരുടെയും ഫോട്ടോ എടുത്തുകൊണ്ടെയിരുന്നു . ക്ലിക്ക് - ക്ലിക്ക് - ക്ലിക്ക്. റെക്കോർഡ് . എന്റെ ഇന്നു വരെയുള്ള ജീവിതത്തിൽ ക്യാമറ  ഭീഷണിയുടെ ഒരു രൂപമെടുക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു
***
പ്രതിജ്ഞാബദ്ധനായ ഒരു പരിസ്ഥിതി വാദിയും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായ വി . എസ് . വിജയൻ സമര വേദിയിൽ ഉണ്ടായിരുന്നു . അദ്ദേഹം ഹൃദയം കൊണ്ട് ഒരു ഗാന്ധിയനാണെന്ന് ഞാൻ മനസ്സിലാക്കുന്നു . പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന വിവിധ കൊള്ളക്കാരെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്കും തീ പിടിക്കുന്നു: ക്വാറി മാഫിയ,ഖനന മാഫിയ,റിസോർട്ട് മാഫിയ,ടൂറിസ്റ്റ് മാഫിയ,വന മാഫിയ,റിയൽ എസ്റ്റേറ്റ്‌ മാഫിയ,ഭൂമി തട്ടിപറിച്ചെടുക്കുന്ന കോർപറേറ്റ് മാഫിയ.അദ്ദേഹം ജനങ്ങൾക്കുള്ള അധികാരങ്ങളെപ്പറ്റി സംസാരിക്കുന്നു,ഗ്രാമസഭയുടെ അധികാരങ്ങളെപ്പറ്റി,മാഫിയയെ തടയാനുള്ള അധികാരത്തെപ്പറ്റി,ക്വാറി അടച്ചു പൂട്ടുന്നതിനു വേണ്ട അധികാരത്തെപ്പറ്റി. അവർ അദ്ദേഹത്തിന്റെ ഓരോ ഉപദേശവും ശ്രദ്ധിച്ചു കേൾക്കുന്നു.സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നതിൽ നിന്നും യുണിഫോം നിങ്ങളെ തടയുന്നു എന്ന് അദ്ദേഹം പോലീസിനോട് പറയുന്നു.ഗ്രാമ സഭ ക്വാറിക്കെതിരെ വോട്ടു ചെയ്തെങ്കിൽ അത് പൂട്ടിയിരിക്കണമെന്നു അദ്ദേഹം ജനങ്ങളോട് പറയുന്നു.ഇന്ത്യൻ ഭരണഘടനയിൽ പൂർണ്ണമായും വിശ്വാസമർപ്പിച്ചിട്ടുള്ള ആളാണ്‌ അദ്ദേഹം.തന്റെ സാന്നിധ്യം ഒരു മാവോയിസ്റ്റ് ലുക്ക്ഔട്ട്‌ നോട്ടീസ് ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരാൾ.



വായനക്കാർക്കായി പറയട്ടെ,ഇവിടെ മാഫിയ എന്നത് എന്നെപ്പോലുള്ള ക്ഷുഭിതയായ ഒരെഴുത്തുകാരി ഉപയോഗിക്കുന്ന പദമല്ല.വളരെ ബഹുമാന്യനായ,പ്രായം ചെന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടെ കൂടെ ഉപയോഗിച്ച പദമാണ്.പ്രകൃതിയുടെ മേലുള്ള ഇത്തരത്തിലുള്ള കൊള്ള എല്ലാ ജനങ്ങളിലെയും രോഷം പുറത്തു കൊണ്ടുവരുന്നു.
****
കെ.എസ്സ്.എം എന്നാൽ  കൊട്ടുകാപ്പിള്ളി സാൻഡ് ആൻഡ് മെറ്റൽസ്‌ പ്രൈവറ്റ് ലിമിറ്റഡ് ആണെന്നും  അമ്പിട്ടൻ തരിശിൽ അവർ  തങ്ങളുടെ ക്രഷർ യൂണിറ്റ് ആരംഭിച്ചത് നാല് കോടി അൻപത് ലക്ഷത്തിൻറെ മൂലധന നിക്ഷേപത്തോടെയാണെന്നും,19 നവംബർ 2012 നു യൂണിറ്റിനു പ്രവർത്തനാനുമതി ലഭിച്ചു എന്നും അതിന് അവർക്ക് കേരളാ മലിനീകരണ നിയന്ത്രണ ബോർഡിൽ വെറും തുച്ഛമായ 20000 രൂപ അടക്കേണ്ടി വന്നുള്ളൂ എന്നും എനിക്ക് അറിയാൻ കഴിഞ്ഞു.ഈ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല.എന്നാൽ ഒരു കാര്യം എനിക്കറിയാം.മൂല്യങ്ങളെയും പരിസ്ഥിതിയെയും വിലവെക്കാത്ത ഉദ്യോഗസ്ഥ മേധാവിത്തം വർദ്ധിച്ചു വരുന്ന ഇത് ഒരുപക്ഷെ അർത്ഥമാക്കുന്നത് ദരിദ്ര ജനങ്ങൾക്ക്‌ തന്തയില്ലാത്ത ധനികരുമായി ഏറ്റുമുട്ടാനാവില്ല എന്നാണു.ഒന്നുകൂടി ഓർക്കണം-കെ.എസ്സ്.എം എന്നത് പശ്ചിമഘട്ടത്തിലെ കാടുകളെയും നദികളെയും അതിന്റെ ജൈവ വൈവിധ്യത്തെയും അപൂർവ്വമായ പരിസ്ഥിതിയെയും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സസ്സ്യങ്ങളെയും പക്ഷികളെയും നശിപ്പിച്ചു കൊണ്ട് അതിനെ തുടർച്ചയായി ബലാത്സംഗത്തിനും കൊള്ളക്കും വിധേയമാക്കുന്ന അനവധി ക്വാറി മാഫിയകളിൽ ഒന്ന് മാത്രമാണ്.

ഞാൻ മറ്റൊരു കാര്യം കൂടി അറിഞ്ഞു.അടുത്തുള്ള മറ്റൊരു ഗ്രാമത്തിൽ ക്വാറിക്കെതിരെ സമരം ചെയ്ത ജനങ്ങളെ ലാത്തിച്ചാർജ് ചെയ്തു.മറ്റൊരു ഗ്രാമത്തിൽ അവർ ക്വാറി മാഫിയാകളുടെ വാടക ഗുണ്ടകളാൽ ആക്രമിക്കപ്പെടുകയും,ജനങ്ങൾക്കെതിരെ പോലീസ് കള്ളക്കെസ്സെടുക്കുകയും ചെയ്തു.രാഷ്ട്രീയക്കാർ ക്വാറി ഉടമകളുടെയും ക്രഷർ ഉടമകളുടെയും ഭാഗത്താണ്.കാരണം അവർ രാഷ്ട്രീയത്തിനു ഫണ്ട്‌ നൽകുന്നു,അവർ പണത്തിൻറെ അക്ഷയ പാത്രമാണ്.ഇന്ത്യ എന്നത് പാർലമെന്റ് സമുച്ചയത്തിൽ തുടങ്ങി ഇന്ത്യാഗെയ്റ്റിന്റെ അതിരുകളിൽ അവസാനിക്കുന്നു എന്ന് കരുതുന്ന വലിയ മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്ന് അകലെയുള്ള ഒരു സ്ഥലത്ത് പ്രതിഷേധങ്ങൾ കൂടുതൽ കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അത് കൊണ്ട് ഇത്തരം സമരങ്ങൾക്കും ഈ വിധത്തിലുള്ള പ്രതിഷേധ സമ്മേളനങ്ങൾക്കും ഒരു ഗാന നൃത്ത റിയാലിറ്റി ഷോകൾക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധ പോലും ലഭിക്കാറില്ല. എന്ത് തന്നെയായാലും മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കുകയാണെങ്കിൽ പിന്നെ ആഡംബര വില്ലകളുടെയും വാനോളമുയരുന്ന അപ്പാർട്ട്മെന്റുകലുടെയും മുഴു പേജ് പരസ്യങ്ങൾ ആര് കൊടുക്കും?
*****************
ക്വാറിക്കെതിരെയും ഖനനത്തിനെതിരെയും പറയുന്ന ആരും വികസന വിരുദ്ധരായി മുദ്ര കുത്തപ്പെടും .തീർച്ചയായും "മാവോയിസ്റ്റ്" എന്ന് ലേബൽ ചെയ്യപ്പെട്ട ശേഷം.പ്രശ്നമെന്താണെന്നുവച്ചാൽ -പ്രകൃതിവിഭവങ്ങളെ തകർക്കാൻ മാത്രം ശ്രദ്ധാലുക്കളായ ഇത്തരം വികസന ഗുരുക്കന്മാർ പ്രേതാലയങ്ങളായ ടൌണ്‍ഷിപ്പുകൾ പടുത്തുയർത്തുന്നതിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.അടുത്തകാലത്ത് കാക്കനാട്ടിൽ,ഒരുപാട് ബഹുനില കെട്ടിടങ്ങളും അപ്പാർട്ട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.കേരളത്തിലെ മറ്റെവിടെയും സ്ഥിതി ഇതുതന്നെയാണ്.റിയൽ എസ്റ്റെറ്റ് മാഫിയക്കാരെ വലിയ സമ്പന്നരാക്കുകയും ഹൗസ്കീപ്പർമാർക്കും വാച്ച്മാൻമാർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുറച്ചു തൊഴിലാളികൾക്കും തൊഴിൽ നൽകുകയും ചെയ്തതല്ലാതെ കെട്ടിട നിർമ്മാണ രംഗത്തെ ഈ കുതിച്ചു ചാട്ടം എന്താണ് നേടി തന്നിട്ടുള്ളത്.

കേരളത്തിലെ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം 11,89,144 ആണെന്ന് 2011 ലെ ഇന്ത്യാ സെൻസെസ്സിലെ കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിലെ മൊത്തം വീടുകളുടെ 10.6 %വരും ഇത് എന്നതും ഇവിടെ പ്രസക്തമാണ്.കഴിഞ്ഞ പത്തു കൊല്ലത്തിനിടയിൽ ജനസംഖ്യാ വളർച്ചാ നിരക്കിന്റെ നാലിരട്ടിയാണ് കൂണു പോലെ പൊന്തുന്ന ഇത്തരം വീടുകളുടെ എണ്ണത്തിന്റെ വളർച്ചാ നിരക്ക് എന്ന് ഒരു താരതമ്യത്തിനായി പറയാം. ഈ മുഴുവൻ റിയൽ എസ്റ്റെറ്റ് കുമിളയും,  രണ്ടാമത്തെയും മൂന്നാമത്തെയും വീടിനായുള്ള ആവശ്യവുംഒരു അവധിക്കാല വസതിക്കുള്ള അത്യാഗ്രഹവും,വീട് ഒരു ആസ്തി-വീട് ഒരു ഊഹക്കച്ചവട നിക്ഷേപം-വീട് ഒരു പ്രവാസി ഭാരതിയന്റെ രണ്ടാഴ്ചത്തെ സന്ദർശനം കാത്തുകിടക്കുന്ന ഒരു പൂട്ടിയിട്ട യൂണിറ്റ് എന്നത് പ്രകൃതിവിഭവങ്ങളുടെ വളരെ ആസൂത്രിതവും ക്രമീകൃതവുമായ ചൂഷണവും നവലിബറൽ കാലത്തെ സമ്പന്നരും കുലീനരും അടങ്ങിയ ഭരണവർഗ്ഗങ്ങളുടെ സ്വഭാവവിശേഷണങ്ങളെ പ്രകടമാക്കുന്ന അവസാനമില്ലാത്ത ഭൗതിക പൈശാചികതയുടെ ബീഭത്സ യാഥാർത്ഥ്യവുമാണ്. അങ്ങേയറ്റത്തെ മുതലാളിത്ത സ്വപ്നത്തിൽ,കുന്നുകളിൽ നിന്നും കൊള്ള ചെയ്ത അതേ കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ ഹൈ റൈസ് ഗേറ്റട് കമ്മ്യുണിറ്റികളിൽ നമ്മളും സംതൃപ്തരാകുമോ.
********
പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ ഒരു പട്ടിക കേരള സർക്കാരിന്റെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.ആ പട്ടികയിലുള്ള 620 ക്വാറികളിൽ ബഹുഭൂരിപക്ഷവും അധികവും ഗ്രാനൈറ്റ് കൊള്ള നടത്തുന്നവയാണ് ബാക്കിയുള്ളവ ലാറ്ററൈറ്റും കൊള്ള ചെയ്യുന്നു.ഇത് നിയമാനുസൃതമായ കണക്കു മാത്രമാണ്.കൊള്ള തുടർന്നു കൊണ്ടിരിക്കുന്ന അനധികൃത ക്വാറികളുടെ കണക്ക് ആർക്കും അറിയില്ല.

പശ്ചിമഘട്ടത്തിൽ പ്രവർത്തിച്ചു വരുന്ന 1700 അനധികൃത ക്വാറികളടക്കം 2700 ക്വാറികളു ണ്ടെന്നു ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്നു.ഈ നിയമവിരുദ്ധ ക്വാറികൾക്ക് കളക്ടറിൽ നിന്ന് അനുമതിയില്ല ,ഗ്രാമപഞ്ചായത്തുകൾ അവയുടെ പ്രവർത്തനത്തിന് അനുമതി നിഷേധിച്ചവയാണ്,പക്ഷെ അവ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു,പാറകളെ മണലാക്കുന്നതും,കുന്നുകളെ പൊടിയാക്കുന്നതും തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ റിപ്പോർട്ട് ബഹുമാന്യരായ ക്വാറി മാഫിയയും അവർ അംഗമായിട്ടുള്ള രാഷ്ട്രീയ പാർട്ടികളും ഉൾപ്പടെയുള്ള നമ്മുടെ സമൂഹത്തിലെ പല ഘടകങ്ങളെയും രോഷാകുലരാക്കി എന്നതിൽ അത്ഭുതമില്ല. ഇന്ത്യയെ പോലെ സുതാര്യമായ ഒരു രാജ്യത്തെ നാട്ടുനടപ്പനുസരിച്ച് ഈ റിപ്പോർട്ട് വളരെ വേഗത്തിൽ മാന്യമായി കുഴിച്ചു മൂടപ്പെട്ടു.510 പേജുകൾ വരുന്ന ഈ റിപ്പോർട്ട് വെളിച്ചം കണ്ടത് തന്നെ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന്റെ വിധി ശരിവെച്ചു കൊണ്ട് ദൽഹി ഹൈക്കോടതി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ്‌.പിന്നീട് പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.റിപ്പോർട്ടിലെ മറ്റു പല നിർദ്ദേശങ്ങൾക്കുമൊപ്പം,പുതിയ ക്വാറികളിന്മേൽ സമ്പൂർണ്ണ മോറട്ടോറിയാം പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും എല്ലാ ഭാഗങ്ങളിൽ നിന്നും എതിർക്കപ്പെട്ടു.കേരളം കാശ്മീരാവുമെന്ന് ഒരു ക്രിസ്ത്യൻ ബിഷപ്പ് ഭീഷണിപ്പെടുത്തി.ജാലിയൻ വാലാ ബാഗ് ആവർത്തിക്കുമെന്ന് മറ്റൊരാൾ. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് നിർബന്ധം പിടിക്കുന്ന ഉദ്യോഗസ്ഥരെ ശിരച്ചേദം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് കോണ്‍ഗ്രസ്സുകാർ ആയിരുന്നു കൂടുതൽ ആശ്വസിച്ചത്.
*********
 ഞാൻ അവിടെ നിന്നും കുറേ ദൂരം വന്നു.ഇപ്പോൾ ലണ്ടന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരു എഴുത്തുകാരിയുടെ ഏതാണ്ട് ഏകാന്ത ജീവിതം നയിച്ചു വരുന്നു.കേരളത്തിലെ എന്റെ സുഹൃത്തുക്കൾ ഫെയ്സ് ബുക്കിൽ കാര്യങ്ങൾ അപ് ഡേറ്റ് ചെയ്യുകയും ഞാൻ സമരത്തെ പിന്തുടരുകയും ചെയ്യുന്നു.അവിടെ ഒരു റിലേ സത്യാഗ്രഹം നടക്കുന്നു.വൈറൽ ആയി പടരാൻ എല്ലാ ശേഷിയുമുള്ള ഒരു പടം ഒരാൾ ഷെയർ ചെയ്തിരിക്കുന്നു "ജനാധിപത്യം തുലയട്ടെ.ക്വാറി വേണ്ടെന്ന് അമ്പിട്ടൻതരിശിലെ ഗ്രാമസഭ പറയുന്നു.പക്ഷെ പഞ്ചായത്ത് ആ തീരുമാനം നടപ്പാക്കാൻ വിസമ്മതിക്കുന്നു."

 ഇങ്ങനെയാണ് വ്യവസ്ഥ നിഷ്ക്രിയമായിരിക്കുന്നത്: ഗ്രാമീണ ഭരണസംവിധാനം ഒരു തമാശയാണ്.വികേന്ദ്രീകരണം ഒരു മിഥ്യയാണ്,ജനങ്ങളുടെ സ്വയംഭരണം നിലനിൽക്കുന്നില്ല,ഒരു പരിസ്ഥിതി റിപ്പോർട്ട് ചവറ്റു കൊട്ടയിൽ എറിയപ്പെട്ടിരിക്കുന്നു.പോലീസുകാർ സാമൂഹ്യ പ്രവർത്തകരുടെ ഫോണ്‍ ചോർത്തുന്നു,ജനങ്ങൾക്ക്‌ ഒരു സമ്മേളനത്തിൽ മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി പോലീസ് നിഷേധിക്കുന്നു,നിശ്ശബ്ദത വളരെ ഫലപ്രദമായി വാങ്ങുകയോ അടിച്ചേൽപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു.

ഈ കഥ മുഴുവനായിട്ടില്ല,ജനഹിതം മാനിച്ച് അമ്പിട്ടൻ തരിശിലെ ക്വാറി അടച്ചു പൂട്ടുമ്പോഴേ സന്തോഷകരമായ ഒരു അവസാനം ഇതിനുണ്ടാവു.ഭരണവർഗ്ഗങ്ങൾക്കും പോലീസിനുംക്വാറി മാഫിയക്കും എതിരെ നിവർന്നു നിൽക്കുന്ന അമ്പിട്ടൻ തരിശ് എന്ന ഒരു ചെറിയ ഗ്രാമത്തിന്റെ മാത്രം കഥയല്ലിത്.കേരളത്തിൽ അമ്പിട്ടൻ തരിശു പോലുള്ള ഇത്തരം ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട്.അവരുടെ കഥകൾ പുറത്തു വരാനിരിക്കുന്നതെയുള്ളു,അവരുടെ പോരാട്ടങ്ങൾ പൊട്ടിപുറപ്പെടാനിരിക്കുന്നതെയുള്ളു.

Tuesday 1 April 2014

ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും അമൃതാനന്ദമയിയുടെ ഗുണ്ടകൾ നടത്തിയ ആക്രമണം ജനാധിപത്യ മൂല്യങ്ങൾക്ക് വെല്ലുവിളി. ചെറുക്കുക - ഡെമോക്രാറ്റിക് ഫ്രണ്ടിയർ





ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും അമൃതാനന്ദമയിയുടെ ഗുണ്ടകൾ നടത്തിയ ആക്രമണം ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ ആശന്കാകുലരാക്കുന്നതാണ്. 'അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നടന്നിരിക്കുന്ന ആക്രമണം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഫാസിസത്തിന്റെ ഭീകരതയെതന്നെയാണ് സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുന്പ് കൊച്ചിയിൽ നടന്ന ധർമ രക്ഷ സമ്മേളനത്തിൽ ഉയർന്ന ആഹ്വാനങ്ങൾക്കനുസരിച്ച് തന്നെയാണ് ഏറ്റവും പുതിയ ആക്രമണം എന്ന് വ്യക്തമാണ്

കൊലപാതകങ്ങൾ ഉൾപ്പടെ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാതെ അവരുടെ പക്ഷം പിടിക്കുന്ന ഭരണകൂട സമീപനം ഇതുപോലുള്ള ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. ആരോപണങ്ങൾ ഉയർന്നപ്പോൾ അന്വേഷിച് നടപടിയെടുക്കുന്നതിന് പകരം ആ വാർത്തകൾ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഷെയർ ചെയ്തവര്ക്കെതിരെ കേസ് എടുക്കുകയാണ് ഭരണകൂടം ചെയ്തത്
തുടക്കത്തിൽ ഈ പ്രശ്നത്തിൽ ഇടപെട്ട സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാകയാൽ തന്നെ തെരഞ്ഞെടുപ്പിൽ വോട്ട് പോകുമെന്ന് ഭയന്ന് പിന്നീട് പിന്മാറിയതോടെ ഇതുപോലുള്ള ഫാസിസ്റ്റ് ശക്തികൾക്ക് കൂടുതൽ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പുരോഗമന ജാനാധിപത്യ ശക്തികൾ ഇത്തരം ഫാസിസ്റ്റുകൾക്കെതിരെ രംഗത്തുവരികയും ഇക്കൂട്ടരെ നിലയ്ക്ക് നിർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെ ടെണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനു അത് അത്യന്താപേക്ഷിതമാണ്

Wednesday 26 March 2014

അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുക- ഡെമോക്രാറ്റിക് ഫ്രണ്ടിയർ




അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും മാർഗ തടസം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച  അഡ്വ. പി എ പൗരൻ, ടി കെ വാസു, വി ടി പത്മനാഭൻ, അഡ്വ പി.ജെ മാനുവൽ, അഡ്വ. തുഷാർ നിർമൽ സാരഥി, വി കെ മുരളി, ദിവ്യ അഗസ്റിൻ തുടങ്ങി 13 പേർക്കെതിരെയും കണ്ടാല തിരിച്ചറിയാൻ കഴിയുന്ന മറ്റ് 80 പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. പരിപാടിക്ക് അനുവാദം ചോദിച്ച് നല്കിയ അപേക്ഷ പോലീസ് നിരസിച്ചതിനെത്തുടർന്ന് സമര സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി 2005 ലെ ഇത് സംബന്ധിച്ച ഗവൻമെന്റ് ഉത്തരവിന്റെയും അതേ വർഷം തന്നെയുള്ള ഹൈക്കോടതി ഉത്തരവിന്റെയും  പശ്ചാത്തലത്തിൽ 2 ദിവസത്തിനകം അപേക്ഷ പരിഗണിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതുമാണ്.  കോടതിയുടെ നിര്ദ്ദേശത്തെപ്പോലും തള്ളിക്കളഞ്ഞ പോലീസ് തികച്ചും സമാധാനപരമായി യാതൊരുവിധ മാർഗ തടസവും സൃഷ്ടിക്കാതെ നടത്തിയ മാർച്ചിനെതിരെ കേസെടുത്തിരിക്കുകയാണ്.

തങ്ങളുടെ ജീവിതങ്ങൾ ദുസ്സഹമാക്കുന്ന  ക്വാറികളും ക്രഷർ യൂണിറ്റുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്  കിഴക്കാഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി  സമര രംഗത്താണ്. ഫെബ്രുവരി 23 ന് പ്രശസ്ത എഴുത്തുകാരി മീന കന്തസാമി ഉത്ഘാടനം ചെയ്ത സമര പ്രഖ്യാപന കണ്‍വെൻഷനോടുകൂടി തുടങ്ങിയ സമരം മാർച്ച് 1 മുതൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തോടെ ശക്തി പ്രാപിച്ചു. തികച്ചും സമാധാനപരമായി, ക്വാറിക്ക് സമീപമുള്ള ഒരു സ്വകാര്യ ഭൂമിയിൽ പന്തൽ കെട്ടിയാണ് നാട്ടുകാർ സത്യാഗ്രഹ സമരം നടത്തിവരുന്നത്. ഇന്നേവരെ യാതൊരുവിധ അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഒരു കല്ലെടുത്തുപോലും നാട്ടുകാർ ആരെയും എറിഞ്ഞിട്ടുമില്ല. പഞ്ചായത്ത് ഗ്രാമ സഭ കൂടിയെടുത്തൊരു തീരുമാനം നടപ്പാക്കിയെടുക്കാനാണ് ജനങ്ങൾ സമരം ചെയ്യുന്നത്. എന്നിട്ടും ഇന്നേവരെ പഞ്ചായത്ത് അധികാരികളോ, മറ്റു ബന്ധപ്പെട്ട അധികാരികളോ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണകൂടത്തിന്റെ ആകെയുള്ള സാന്നിധ്യം നാട്ടുകാരെ വിരട്ടാൻവേണ്ടി മാത്രമെത്തുന്ന പോലീസുകാർ ആണ്. മീന കന്തസാമി പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെൻഷന് മൈക്ക് അനുമതി നിഷേധിച്ച പോലീസ് തന്നെയാണ് ഇപ്പോൾ കള്ളക്കെസുമായി വീണ്ടും സമരത്തെ തകര്ക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

പോലീസിന്റെ ഈ നടപടി വളരെ വ്യക്തമായും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന ഒരു നാടിന്ന്റെ ജനാധിപത്യ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്നതാണ് ഇത്. സംഘം ചേരാന് പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിക്കുക വഴി പോലീസ് ഇവിടെ മൂലധന ശക്തികളോടുള്ള തങ്ങളുടെ കൂറ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ നടപടിയിൽ ജനാധിപത്യ മൂലയ്ങ്ങളിൽ വിശ്വസിക്കുന്ന ഏവരും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ അഭ്യർത്ഥിക്കുന്നു

Friday 21 March 2014

അമ്പിട്ടൻതരിശ് സമരത്തിൽ ഡെമോക്രാറ്റിക് ഫ്രന്റിയർ കണ്‍വീനർ തുഷാർ നിർമൽ ചെയ്ത പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ


അമ്പിട്ടൻതരിശിലെ ക്വാറികൾക്കെതിരായ സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാർച്ചിൽ തുഷാർ ചെയ്ത പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ. ഒരു കല്ല്‌ പോലും എടുത്തെറിയാതെ, പഞ്ചായത്ത് ഓഫീസിന്റെ ഒരു ജനല ചില്ല് പോലും തകർക്കാതെ തികച്ചും സമാധാനപരമായിട്ടാണ് മാർച്ച് നടത്തിയത്. പക്ഷേ ജനം വേണ്ട എന്ന് തീരുമാനിച്ചാൽ  ആ പഞ്ചായത്ത് ഓഫീസ് തന്നെ  അവിടെ ഉണ്ടാവുകപോലുമില്ലെന്ന് ഓർക്കണം എന്ന് തന്റെ പ്രസംഗത്തിൽ തുഷാർ പറഞ്ഞു.

Tuesday 11 March 2014

അമ്പിട്ടൻതരിശ് ക്വാറി വിരുദ്ധ സമരം ശക്തമാകവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാൻ പോലീസിന്റെ ശ്രമം.



അമ്പിട്ടൻതരിശിലെ ക്വാരിവിരുദ്ധ സമരം ശക്തമായി തുടരവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാനുള്ള ഭരണകൂട നീക്കം സജീവമാകുന്നു. ഇന്ന് വൈകുന്നേരം സമര സ്ഥലത്തെത്തിയ വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരത്തെ സഹായിക്കാൻ എത്തുന്ന സാമൂഹ്യ പ്രവർത്തകർ തങ്ങുന്ന വീട് പരിശോധിക്കണമെന്നും വീടിന്റെ താക്കോൽ വേണമെന്നും ആവശ്യപ്പെട്ടു. അന്നേം സമരപന്തലിൽ ഉണ്ടായിരുന്ന ഹരിഹരശർമയോട് എന്തിനാണ് അവിടെ എത്തിയതെന്ന് ആരാഞ്ഞ പോലീസ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. സമര നേതാക്കൾ വീടിന്റെ താക്കോൽ കൊണ്ടുവന്നപ്പോഴേക്കും പോലീസ് തിരിച്ചു പോയി. നാളെ വീണ്ടും വരുമെന്ന് പറഞ്ഞാണ് പോലീസ് പോയതെന്ന് സമരക്കാരിൽ ചിലർ പറഞ്ഞു.

ക്വാരിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾ ഫെബ്രുവരി 25 ന് പാലക്കാട് ജില്ല കളക്ടർക്ക് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ കലക്ടർ ആർ ഡി ഓ യോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്നേവരെ ആർ ഡി ഓ അമ്പിട്ടൻതരിശിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഗ്രാമ സഭ കൂടി ക്വാറി അടച്ചുപൂട്ടണമെന്ന് പ്രമേയം പാസാക്കിയെങ്കിലും കിഴക്കഞ്ചേരി പഞ്ചായത്ത് അത് നടപ്പാക്കാനും കൂട്ടാക്കുന്നില്ല. അമ്പിട്ടൻതരിശിൽ ഭരണകൂടത്തിന്റെ സജീവ സാന്നിധ്യമായി ജനങ്ങളെ വിരട്ടാനെത്തുന്ന പോലീസ് മാത്രമാണുള്ളത്. ഇക്കഴിഞ്ഞ്ട ദിവസം അമ്പിട്ടൻതരിശിൽ ഡെമോക്രാറ്റിക് ഫ്രണ്ടിയർ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും ജെയ്സണ്‍ കൂപ്പറും സമരത്തെ പിന്തുണച്ച്ചുകൊണ്ടുള്ള തങ്ങളുടെ സംഘടനയുടെ പോസ്റ്റർ ഒട്ടിക്കവേ അവിടെ പാഞ്ഞെത്തിയ പോലീസ് പോസ്റ്റർ ഒരെണ്ണം ആവശ്യപ്പെട്ടു. അത് നോക്കുന്നതിനിടയിൽ പോലീസ് ഡ്രൈവർ എസ് ഐ യോട് ''നമുക്ക് വേണ്ടത് ഇവരെയാണ്" എന്ന് സ്വരം താഴ്ത്തി പറഞ്ഞതായി തുഷാറും കൂപ്പറും അറിയിച്ചു. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാതെ സർക്കാർ ക്വാറി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ ആവശ്യപെട്ടു.

Thursday 6 March 2014

അമ്പിട്ടൻതരിശ്ശിൽ ഗ്രാമസഭ തീരുമാനം പഞ്ചായത്ത് അട്ടിമറിക്കുന്നു



അമ്പിട്ടൻതരിശ്ശിലെ  ക്വാറികൾ  അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 10 - 2 - 14 നു ചേർന്ന 9 വാർഡിലെ ഗ്രാമ സഭ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു ഐകകണ്ഠെന പാസ്സാക്കിയത് രേഖപ്പെടുത്തിയ   ഗ്രാമ സഭ യോഗത്തിന്റെ മിനുട്ട്സ് താഴെ കാണാം  . ഫെബ്രുവരി 10 നു പാസ്സാക്കി യതാനെങ്കിലും  ഇന്നേവരെ യാതൊരു നടപടിയും  കിഴക്കഞ്ചേരി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല .
















Wednesday 5 March 2014

അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

അമ്പിട്ടൻതരിശിലെ കരിങ്കൽ ക്വാറികൾക്കെതിരായ സമരം ശക്തമാകവേ ഭരണകൂടവും പോലീസും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിക ലുമെല്ലാം ഒരു വശത്തും സമരം ചെയ്യുന്ന ജനങ്ങൾ  മറുവശത്തുമായി വളരെ വ്യക്തമായ ധ്രുവീകരണം നടന്നിരിക്കുന്നു. ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച് സമരത്തിനു സജ്ജരായപ്പോൾ തന്നെ കോളനികളിൽ മാവോയിസ്റ്റ് ലുക്ക് ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് പോലീസ് നയം വ്യക്തമാക്കി. തുടർന്ന് കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന തരത്തിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും  വ്യാപക പ്രചാരണം നടത്തുകയും ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സമര സമിതി പുറത്തിറക്കിയ പ്രസ്താവനയാണ് താഴെ


അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

2009 മുതൽ അമ്പിട്ടൻതരിശിൽ പ്രവർത്തിച്ചുവരുന്ന ക്വാരികൽക്കും ക്രഷർ യൂണിറ്റിനുമെതിരെ ജനങ്ങൾ നടത്തുന്ന സമരത്തെ നുണപ്രചാരണങ്ങളിലൂടെ അട്ടിമറിക്കാൻ സർക്കാരും പോലീസും നടത്തുന്ന നീക്കങ്ങളെ അമ്പിട്ടൻതരിശ് ക്രഷർ ക്വാറി വിരുദ്ധ സമര സമിതി ശക്തമായി അപലപിക്കുന്നു.

ക്വാറികളും ക്രഷറും പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അമ്പിട്ടൻതരിശിലെ ജനങ്ങൾ കടുത്ത ജീവിത പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വീടുകളുടെ തകർച്ച, കുടിവെള്ള ക്ഷാമം,റോഡുകളുടെ തകർച്ച, കൃഷി നാശം, പലവിധ ശാരീരിക അസ്വസ്ഥതകൾ എന്നിവമൂലം സഹികെട്ട ജനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതി നൽകിയിരുന്നു.  എന്നാൽ അധികാരികളും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും ക്വാരികൽക്കനുകൂലമായ നിലപാട് സ്വീകരിച്ച്ചതുമൂലമാണ് സമരരംഗത്തേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിതരായത്. എന്നാൽ ജനങ്ങൾ സംഘടിക്കുന്നതിനെ തുടക്കം മുതലേ എതിർത്തിരുന്ന പോലീസ് സമരം തുടങ്ങുന്നതിനുമുന്പ് തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം നടത്തി അമ്പിട്ടൻതരിശിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 2014 ഫെബ്രുവരി 23 ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി, ഡോ. വി എസ് വിജയൻ, അഡ്വ പി എ പൗരൻ എന്നിവർ പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെന്ഷന് പോലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരുന്നു.


ഈ കള്ള പ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അമ്പിട്ടൻതരിശ് ഉൾപ്പടെയുള്ള ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്നും പരിശോധന ശക്തമാക്കുകയാണെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിട്ടുള്ളത്. നുണപ്രചാരണം നടത്തി സമരത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. നുണപ്രചാരണത്തിനുവേണ്ടി ചെലവഴിക്കുന്ന കാശിന്റെയും, പ്രയത്നത്തിന്റെയും പകുതിപോലും സമരം അവസാനിപ്പിക്കുന്നതിനായി അധികാരികൾ  ചെലവിടുന്നില്ല എന്നത് അപലപനീയമാണ്. ഫെബ്രുവരി 25 ന് പാലക്കാട് ജില്ലാ കളക്ടർക്ക് സമര സമിതി നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ ചെയ്യാൻ ആർഡി ഓ യോട് കലക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നേവരെ ആർ ഡി ഓ സ്ഥലം സന്ദർച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അധികാരികൾ ക്വാരിയുടമകളെ സഹായിക്കുന്നതിനായാണ് സമരത്തിനെതിരെ നുണ പ്രചാരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമരത്തിനെതിരായ നുനപ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ക്വാറികളും ക്രഷർ യൂണിറ്റും അടച്ചുപൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സമരസമിതി ആവശ്യപ്പെടുന്നു.

എന്ന്

വി കെ മുരളി
ചെയർമാൻ

അമ്പിട്ടൻതരിശ് ക്രഷർ -ക്വാറി വിരുദ്ധ സമര സമിതി  

Monday 3 March 2014

പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.- ഡെമോക്രാറ്റിക് ഫ്രണ്ടിയർ


പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ
മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ
ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ
വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.

ഹൈകോടതി വിധി പൂർണ്ണമായും ജനാധിപത്യ വിരുദ്ധവും ഫ്യൂഡൽ കുടുംബ
ബന്ധങ്ങളുടെ യുക്തിയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. പക്വത
എന്നാലെന്താണെന്നും പക്വതയെത്തുന്നതെപ്പോഴാണെന്നും ഒരാളുടെ പക്വത
വിലയിരുത്തേണ്ടതാരാണെന്നുമുള്ള ഒട്ടേറെ ചോദ്യങ്ങൾ ഈ വിധിയുമായി
ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.
കുടുംബബന്ധങ്ങളുടെ ജനാധിപത്യ വൽക്കരണത്തിനെ ശക്തമായി പിന്നോട്ട്
വലിക്കുന്ന പിന്തിരിപ്പൻ യുക്തിയാണ് കേരള ഹൈകോടതി ഈ വിധിയിലൂടെ
മുന്നോട്ടു വയ്ക്കുന്നത്. രക്തബന്ധത്തെ ജനാധിപത്യവൽക്കരിക്കാതിരിക്കുന്നത്
കുടുംബ ബന്ധങ്ങൾക്കകത്തെ പുരുഷാധിപത്യത്തിനും ഫ്യൂഡൽ സദാചാര
മൂല്യങ്ങൾക്കും മാത്രമാണ് സഹായകമാവുക.ഇത് സ്ത്രീകളുടെയും കുട്ടികളുടെയും
അവകാശങ്ങളെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പുതിയ അവബോധത്തെ തന്നെ
ഇല്ലാതാക്കുന്നതാണ്.  കുടുംബ ബന്ധങ്ങളെ തകർക്കാൻ സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യരുതെന്നും മക്കളെ ഉപദേശിക്കാനും ശരിയായ വഴി കാട്ടിക്കൊടുക്കാനും
മാതാപിതാക്കൾക്ക് അധികാരം നൽകുന്നതാണ് നമ്മുടെ സാമൂഹിക
മൂല്യവ്യവസ്ഥയെന്ന് കോടതിവിധി പറഞ്ഞു വയ്ക്കുമ്പോൾ സ്വന്തം
ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായൊരു തീരുമാനം പോലും എടുക്കാൻ കഴിയാത്ത
വിധം കുടുംബ ബങ്ങളുടെ അടിമയായി കഴിയാനാണ് ചെറുപ്പക്കാർ
വിധിക്കപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ നിലവിലുള്ള അവസ്ഥയെ
സംരക്ഷിക്കാനല്ല, മറിച്ച് ജനാധിപത്യപരമായി പുനർനിർമ്മിക്കാനാണ് ജനാധിപത്യ
ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. എന്നാൽ അതിന് തീർത്തും വിരുദ്ധമായി പഴകിയ
പുരുഷാധിപത്യത്തിന്റെയും ഫ്യൂഡൽ മാടമ്പി ബോധത്തിന്റെയും സംരക്ഷകരായി
മാറിയിരിക്കുകയാണ് കോടതി.


തെറ്റായതും ജനാധിപത്യ വിരുദ്ധമായതുമായ ഈ കോടതി വിധി റദ്ദാക്കാനാവശ്യമായ
നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്നും ഈ വിധി പുന:പരിശോധിക്കാനുള്ള വിവേകം
കോടതികൾ കാണിക്കണമെന്നും ഡെമോക്രാറ്റിക്  ഫ്രണ്ടിയർ ആവശ്യപ്പെടുന്നു.

Wednesday 22 January 2014

അമ്പിട്ടൻതരിശ് വസ്തുതാന്വേഷണം : ഇടക്കാല റിപ്പോർട്ട്




 അമ്പിട്ടൻതരിശിലെ ക്വാറികളുടെ പ്രവർത്തനം മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും   മനുഷ്യാവകാശ-സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുടെ സംഘം നടത്തിയ വസ്തുതാന്വേഷണത്തെ തുടർന്നുള്ള ഇടക്കാല റിപ്പോർട്ട്

                                     പാലക്കാട്‌ ജില്ല,കിഴക്കഞ്ചേരി പഞ്ചായത്തിൽ ക്വാറികൾക്കെതിരെ സമരം നടക്കുന്ന അമ്പിട്ടൻതരിശ് 11.01.14 നു മനുഷ്യാവകാശ-സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുടെ സംഘം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.പി.യു.സി.എൽ കേരള സംസ്ഥാന ഘടകം സെക്രടറി അഡ്വ.പി.എ.പൗരൻ,എൻ.സി.എച്.ആർ.ഓ സംസ്ഥാന അധ്യക്ഷൻ ഗ്രോ വാസു,കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാർഡ്യ സമിതി കണ്‍വീനർ എൻ.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വസ്തുതാന്വേഷണത്തിൽ ഡോ.പി.ജി.ഹരി,യാമിനി പരമേശ്വരൻ, സുരേഷ് നാരായണൻ, അനിൽകുമാർ,പ്രശാന്ത് സുബ്രഹ്മണ്യൻ,അംബിക,വി.സി.ജെന്നി,ജോളി ചിറയത്ത്,തസ്നിബാനു,പി.ജെ.മാനുവൽ,കാർത്തികേയൻ,സ്വപ്നേഷ് ബാബു,ദിലീപ്.വി,പ്രശാന്ത്‌ ശാരങ്ങധരൻ,ജെയ്സണ്‍.സി.കൂപ്പർ,ഉമ.എം.എൻ തുടങ്ങിയവർ പങ്കെടുത്തു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം അമ്പിട്ടൻ തരിശിലെ ആദിവാസി കോളനിയും മറ്റു പ്രദേശങ്ങളും ,ക്വാറികളും ,മംഗലം ഡാം പോലിസ് സ്റ്റേഷനും സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

                                                അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ അമ്പിട്ടൻ തരിശിലെ ജനത ക്വാറികളുടെ പ്രവർത്തനം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ക്വാറികളുടെ പ്രവർത്തനത്തിനെതിരെ ജനങ്ങൾ ഉയർത്തുന്ന പ്രതിഷേധത്തോട് മംഗലം ഡാം പോലിസ് സ്വീകരിച്ചിട്ടുള്ള അടിച്ചമർത്തൽ നടപടികളും അടിയന്തിരമായ ഇടപെടലുകൾ ആവശ്യപ്പെടുന്നതിനാൽ ഒരു ഇടക്കാല റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
                                            അമ്പിട്ടൻതരിശിൽ പ്രവർത്തിച്ചു വരുന്ന എം.ജെ.ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോർജ്,ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ക്വാറികളാണ് പ്രധാനമായും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.ജോജിക്ക് പാറമട കൂടാതെ ക്രഷർ യൂനിറ്റ് കൂടി ഉണ്ട്.പാറ പൊട്ടിക്കുന്നത് മുതൽ കല്ല്‌ ടിപ്പർ,ടോറസ് എന്നിവയിൽ കയറ്റി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങളും അമ്പിട്ടൻ തരിശിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.2013 ഒക്ടോബർ 4 നു കല്ല്‌ കയറ്റാനായി അതിവേഗത്തിൽ ഓടിച്ചു വന്ന ജോജിയുടെ ടിപ്പർ ലോറി ഇടിച്ച് റുബീന എന്ന സ്ത്രീ മരണപ്പെട്ടിരുന്നു.അമ്പിട്ടൻ തരിശിലെ ഗ്രാമീണ റോഡുകൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ഗതാഗതമാണ് ക്വാറികൾ മൂലം ഉണ്ടാകുന്നത്.ദിനംപ്രതി 250 ഓളം ട്രിപ്പുകളാണ് ക്വാറികളിൽ നിന്നും നടക്കുന്നത്.റോഡുകൾ തകരുന്നതിനു ഇത് കാരണമാകുന്നുണ്ട്.റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും ഈ ഗതാഗത ബാഹുല്യം കാരണമാകുന്നു.
                         
                       അമ്പിട്ടൻതരിശിലെ ജനത നേരിടുന്ന ഒരു പ്രധാന പ്രശ്നം ക്വാറികളിൽ നടക്കുന്ന വലിയ സ്ഫോടനങ്ങൾ മൂലം വീടുകൾക്കുണ്ടാകുന്ന തകർച്ചയാണ്. നിയമം അനുശാസിക്കുന്ന യാതൊരു നിബന്ധനയും പാലിക്കാതെയാണ് പാറമട പ്രവർത്തിക്കുന്നത്. 27 സ്ഫോടനങ്ങൾ വരെ ഒരേസമയം ജോജിയുടെ പാറമടയിൽ നടത്തുന്നതായി ജനങ്ങൾ അറിയിച്ചു. ഈ പ്രദേശത്തെ 20 ഓളം വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടാകുന്നതിനു ഇത് കാരണമായിട്ടുണ്ട്.ഓടു മേഞ്ഞ വീടുകളുടെ മേൽക്കൂരയ്ക്കു കേടുപാടുകൾ വരുന്ന സംഭവങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 72 വീടുകൾ ഉള്ള കോളനിയിൽ ഇപ്പോൾ 42 വീടുകളിൽ മാത്രമാണ് താമസക്കാരുള്ളത്. അതിൽ 21 കുടുംബങ്ങൾ പട്ടിക വർഗ്ഗക്കാരാണ്‌. കോളനിയുടെ തൊട്ടടുത്തുള്ള പാറമടയുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും മൂലമാണ് താമസക്കാർ ഒഴിഞ്ഞുപോയിട്ടുള്ളത്. കോളനി നിൽക്കുന്നത് പാറയുടെ മുകളിലാണ്.കെ.എസ്.എം ഉടമ ജോജി കൊളനിയിലെ ചാമിയുടെയും ബാബുവിന്റെയും രണ്ടു വീടുകൾ വാങ്ങിച്ചതായി അറിയുന്നു.അതുകൂടാതെ എം.ഈ.മീരാൻ എന്നയാളിൽ നിന്നും കോളനിയോടു ചേർന്ന് കിടക്കുന്ന 2.5 ഏക്കർ ഭൂമിയും ജോജി വാങ്ങിച്ചിട്ടുണ്ട്.ഈ ഭൂമിയിൽ പാറമടയിൽ നിന്നുള്ള മാലിന്യങ്ങളും മട്ടിക്കല്ലും കൂനകളായി നിക്ഷേപിച്ചിരിക്കുകയാണ്.കൊളനിവാസികളെ അവരുടെ വാസസ്ഥലത്തെ ജീവിതം ദുസ്സഹമാക്കി സ്വയം ഒഴിഞ്ഞുപോകാൻ നിര്ബന്ധിതരാക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.കോളനി നിൽക്കുന്ന പാറ ലക്‌ഷ്യം വച്ചു കൊണ്ടാണ് ജോജി ഇപ്രകാരം ചെയ്യുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ നിരോധന നിയമം അനുസരിച്ചു ശിക്ഷാർഹമായ പ്രവർത്തിയാണിത്.കോളനിയിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വീടുകളുടെ തകർച്ച രൂക്ഷവും വലിയ ഭയാശങ്കകൾക്ക് കാരണവുമായിട്ടുണ്ട്. കൂലിപണിക്കാരും, റബ്ബർ ടാപ്പിംഗ് തൊഴിലാളികളുമായിട്ടുള്ള കോളനിവാസികൾക്ക് വീടുകളുടെ തകർച്ച വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.അതുകൊണ്ട് തന്നെ ക്വാറികളുടെ പ്രവർത്തനം ഉടനടി നിറുത്തിവെക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.ക്വാറികൾ റെവന്യു ഭൂമിയിലാണെന്ന് അന്വേഷണ സംഘത്തോട് സർവേ രേഖകൾ കാണിച്ചുകൊണ്ട് ജനങ്ങൾ പറയുകയുണ്ടായി. കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഭയാശങ്കകൾ ന്യായമാണെന്നാണ് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.
85% ജനങ്ങളും ഉപജീവനത്തിന് ആശ്രയിക്കുന്നത് റബ്ബർ കൃഷിയാണ്.ചെറുകിട-ഇടത്തരം റബ്ബർ കൃഷിക്കാരും റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് തൊഴിലാളികളായി പണിയെടുക്കുന്നവരും ആണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പാറമടയുടെയും ക്രഷർ യൂണിറ്റിൻറെയും പ്രവർത്തനഫലമായി ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ വ്യാപകമായി പാറപ്പൊടി കലരുന്നതിനു ഇടയാകുന്നുണ്ട് .പാറപ്പൊടി റബ്ബർ വൃക്ഷങ്ങളിലും മറ്റും പറ്റി പിടിച്ചിരിക്കുന്നത് ഈ പ്രദേശത്തെ റബ്ബർ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പാറപ്പൊടി കലർന്ന അന്തരീക്ഷത്തിൽ ജീവിക്കുന്നത് കൊണ്ട്  ആസ്ത്മ , ശരീരമാസകലം ചൊറിഞ്ഞു പൊട്ടുക , ശ്വാസംമുട്ടൽ ,  ശരീരമാസകലം വൃണങ്ങൾ തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നുണ്ട്‌ . കൊച്ചു കുട്ടികൾക്കും , പ്രായമായവർക്കും ഈ അസുഖങ്ങൾ മൂലം രാത്രി ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥയും തുടർച്ചയായി മരുന്നിനെ ആശ്രയിക്കേണ്ട അവസ്ഥയുമാണുള്ളത്. ക്രഷർ യുണിറ്റിൽ  നിന്നും തുറന്ന  ടിപ്പർ ലോറികളിൽ  വേണ്ടരീതിയിൽ മറയ്ക്കാതെയാണ് പാറപ്പൊടി കടത്തുന്നത്  . അന്വേഷണ സംഘത്തിന്റെ സന്ദർശന വേളയിൽത്തന്നെ പോലീസിനു മുൻപിലൂടെ തന്നെ ഇത്തരം ടിപ്പറുകൾ കടന്നു പോവുന്നുണ്ടായിരുന്നു.

വർഷത്തിൽ മുഴുവൻ സമയത്തും ജലലഭ്യതയുള്ള സ്ഥലമായിരുന്നു അമ്പിട്ടൻതരിശ്.എന്നാൽ പാറമടയിൽ പാറപ്പൊടി ശുദ്ധീകരിക്കാൻ വേണ്ട വെള്ളത്തിനായി ഏകദേശം 6 മീറ്റെർ ആഴത്തിൽ വലിയ ഒരു കുളം നിർമ്മിച്ചതായി അന്വേഷണ സംഘം കണ്ടു.ഈ കുളം നിർമ്മിച്ചതിനു ശേഷം ഈ പ്രദേശത്ത് കിണറുകളിൽ വെള്ളം വറ്റുകയും കടുത്ത ജലക്ഷാമം നേരിടുകയുമാണ്.വാസ്തവത്തിൽ ഇവിടെ പാറ പൊട്ടിക്കലല്ല നടക്കുന്നത് , മറിച്ച് മൈനിംഗ് നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള ഖനനം തന്നെയാണ്.

കിഴക്കഞ്ചെരി പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐ(എം )ആണ്.അമ്പിട്ടൻതരിശിലെ മഹാ ഭൂരിപക്ഷം ജനങ്ങളും സി.പി.ഐ(എം )അനുഭാവികളാണ്.എന്നാൽ രാഷ്ട്രീയ നേതൃത്വം ക്വാറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രതിഷേധത്തോട് സർക്കാരിന്റെ വിവിധ എജെൻസികൾ പ്രത്യേകിച്ചു പോലീസ് എടുത്തിട്ടുളള നിലപാട് അങ്ങേയറ്റം ജനവിരുദ്ധവും പ്രതിഷേധാർഹവും ആണ് .പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ച പാറമടകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സഹായമാണ് ആർ ഡി ഒ അടക്കമുള്ള സിവിൽ ഭരണാധികാരികൾ ചെയ്തു കൊടുത്തത്. പോലീസ് ആകട്ടെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധത്തെ ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത് . റുബീന മരണപ്പെട്ട റോഡപകടത്തെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ജനങ്ങൾ ക്വാറിയിൽനിന്നുള്ള ടിപ്പർ ലോറികൾ തടയുകയും ചെയ്തിരുന്നു .ഇതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട പോലീസ് അമ്പിട്ടൻതരിശിലെ വീടുകളിൽ കയറിയിറങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് .പോലീസിന്റെ ശല്യം സഹിക്കവയ്യാതെ ക്വാറിക്കെതിരെയുള്ള സമരത്തിനു നേതൃത്വം കൊടുക്കുന്ന അമ്പിട്ടൻതരിശ് ആക്ഷൻ കൌണ്‍സിൽന്റെ പേരിൽ കേരള ഹൈക്കോടതി മുൻപാകെ wp(c) 29816 / 13 ആയി കേസ് കൊടുത്തിരുന്നു .ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്.
ഡിസംബർ പത്തിന് ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ:തുഷാർ നിർമ്മൽ സാരഥി, പോരാട്ടം സംസ്ഥാന ജോയിന്റ് കണ്‍വീനർ സി.എ.അജിതൻ , സി പി എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി തൃശൂർ ജില്ലാ സെക്രട്ടറി അയ്യപ്പൻ കുട്ടി എന്നിവർ പങ്കെടുത്തിരുന്നു .പിറ്റേന്ന് മുതൽ മംഗലം ഡാം പോലീസ് സ്റ്റെഷനിലെ പോലീസുകാരും സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും അമ്പിട്ടൻതരിശിലെ വീടുകൾ കയറിയിറങ്ങി പുറത്തു നിന്ന് ആരെയും അമ്പിട്ടൻതരിശിലെ ക്വാറി വിരുദ്ധ സമരത്തിൽ പങ്കെടുപ്പിക്കരുതെന്നും അവരെല്ലാം തീവ്രവാദികൾ ആണെന്നും  പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു .ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് താല്ക്കാലികമായി നിർത്തി വച്ച ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്വത്തിൽ ഡിസംബർ 30 നു ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു . മാർച്ചിൽ ആക്ഷൻ കൌണ്‍സിൽ ക്ഷണിച്ചത് പ്രകാരം അഡ്വ:തുഷാർ നിർമ്മൽ സാരഥി, സി.എ.അജിതൻ എന്നിവർ പങ്കെടുത്തിരുന്നു.ഇതിനെ തുടർന്ന് ക്വാറികളിൽ നിന്നുള്ള വണ്ടികൾക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കി എന്ന കുറ്റം ആരോപിച്ച് 20 ഓളം ആളുകൾക്കെതിരെ മംഗലം ഡാം പോലിസ് കേസ് എടുത്തിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാരും മംഗലം ഡാം പോലിസ് സ്റ്റെഷനിലെ പോലീസുകാരും അമ്പിട്ടൻതരിശിലെ വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്തി.അഡ്വ.തുഷാർ നിർമ്മൽ സാരഥിയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോർത്തുകയും തുഷാർ ഫോണിൽ വിളിച്ച ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുഷാറും അജിതനും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും അവരുമായി ബന്ധപ്പെട്ടാൽ തീവ്രവാദി കേസ്സിൽ ഉൾപ്പെടുത്തി ജയിലിലാക്കുമെന്നും പറഞ്ഞാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. അത് കൂടാതെ വയനാടും മറ്റും മാവോയിസ്റ്റുകളെ കണ്ടെന്ന വാർത്തയെ തുടർന്ന് സർക്കാർ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അമ്പിട്ടൻതരിശിൽ വ്യാപകമായി ഒട്ടിക്കുകയും ഇനി പുറത്തുനിന്നും ആരെങ്കിലും വരികയാണെങ്കിൽ ഉടൻ പോലിസിനെ വിവരമറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുഷാറിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ പേരിൽ ആക്ഷൻ കൌണ്‍സിൽ കണ്‍വീനർ പി.കെ.രാജൻറെ മകൻ രതീഷിന്റെ പാസ്പോർട്ട് മംഗലം ഡാം പോലിസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.രതീഷ്‌ വിദേശത്തു ജോലിക്ക് പോകാൻ നിൽക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് ഭയപ്പെടുത്താൻ വേണ്ടി തന്നെയാണ് പോലിസ് ഇപ്രകാരം ആവശ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മാർച്ചിൽ പങ്കെടുക്കാനായി 29.12.13 നു അമ്പിട്ടൻതരിശിൽ എത്തിയ തുഷാറും അജിതനും കോളനിയിൽ ഉള്ള നാരായണൻ എന്നയാളുടെ വീട്ടിലാണ് രാത്രി തങ്ങിയത്. ഇതിനെ തുടർന്ന് നാരായണനെ മംഗലം ഡാം പോലിസ് ഭീഷണിപ്പെടുത്തുകയുണ്ടായി. തീവ്രവാദികളെ വീട്ടിൽ പാർപ്പിച്ചതിന് നാരായണന്റെ പേരിൽ കേസ്സ് എടുത്തിട്ടുണ്ടെന്നും സ്റ്റേഷനിൽ ഹാജരാവണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എന്നാൽ മംഗലം ഡാം പോലിസ് സ്റ്റേഷനിൽ അപ്രകാരം ഒരു കേസും നിലവിലില്ലെന്ന് അന്വേഷണ സംഘത്തിനു മനസ്സിലാക്കാനായത്. നാരായണനെയും നാട്ടുകാരെയും ഭയപ്പെടുത്തി ക്വാറിക്കെതിരെ സമരം ചെയ്യുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് പോലിസ് ഇപ്രകാരം പ്രവർത്തിച്ചത്.

              
                  അന്വേഷണ സംഘത്തിന്റെ സന്ദർശന സമയത്തും അമ്പിട്ടൻതരിശിൽ സ്പെഷ്യൽ ബ്രാഞ്ച്,ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സാന്നിധ്യം ഉണ്ടായിരുന്നു .അവർ അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും ജനങ്ങളും സംഘവും തമ്മിൽ നടന്ന ആശയ വിനിമയം നിരീക്ഷിക്കുകയും ചെയ്തു . ക്വാറിക്കെതിരെയും സർക്കാരിന്റെ നിലപാടിനെക്കുറിച്ചും പോലീസിനെക്കുറിച്ചും അന്വേഷണ സംഘത്തോട് പരാതികൾ ഉന്നയിച്ച ആളുകളെ മനസ്സിലാക്കി ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് പോലീസ് ഇപ്രകാരം ചെയ്തത് എന്ന് അന്വേഷണ സംഘം സംശയിക്കുന്നു .അമ്പിട്ടൻതരിശിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന പ്രചാരണ കോലാഹലമാണ് പോലിസ് ഇവിടെ നടത്തിയത്. ഭയന്നു പോയ പലരും അന്വേഷണ സംഘത്തിന്റെ വരവിനെ കുറിച്ച് അറിഞ്ഞ് മുൻകൂട്ടി തന്നെ സ്ഥലത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. പോലിസിനെ പേടിച്ചാണ് അവർ ഇപ്രകാരം മാറി നിന്നത്. അത്രമാത്രം ഭീകരാന്തരീക്ഷമാണ് ക്വാറി ഉടമകളെ സഹായിക്കാനായി പോലിസ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ താഴെപറയുന്ന അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .

1.                   അമ്പിട്ടൻതരിശിലെ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന എം .ജെ. ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോർജ്, ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ക്വാറികൾ മൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക -സാമൂഹിക പ്രശ്നങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ശാസ്ത്ര-സാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും അടങ്ങിയ സമിതി രൂപീകരിച്ച് വിശദവും സമയബന്ധിതവുമായ അന്വേഷണം നടത്തുക .
2 . അന്വേഷണ കാലയളവിൽ ക്വാറികളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെയ്ക്കുക .
3.പ്രദേശവാസികളുടെ ജീവനെയും സ്വത്തിനെയും സ്വൈര്യ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന പാറമടകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നുവാൻ ഒരു ഏകീകൃത നിയമം ഇന്ന് നിലവിലില്ല. തണ്ണീർത്തടങ്ങളും നെൽവയലും പോലെ തന്നെ കുന്നുകൾ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തിരമായി നിയമ നിർമ്മാണം നടത്തുക.
4. പോലീസ് അമ്പിട്ടൻതരിശിൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഇടപെടലുകൾ ഉടനടി അവസാനിപ്പിക്കുക.
5. അഡ്വ : തുഷാർ നിർമ്മൽ സാരഥിയുടെ ഫോണ്‍ ചോർത്തുകയും കോൾ ഡീറ്റയിൽസ് എടുത്തു അദേഹത്തിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത മംഗലം ഡാം പോലീസിന്റെ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണ്. ഗുരുതരമായ ഈ നിയമലംഘനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കുക.
6. ജനകീയസമരങ്ങളിൽ ഗുരുതരമായ ക്രമസമാധാന പ്രശന്ങ്ങൾ ഉണ്ടാകുമ്പോൾ അല്ലാതെ പോലീസ് ഇടപെടുന്നത് അടിയന്തിരമായി അവസാനിപ്പിക്കുക. പോലീസിന്റെ ഇടപെടൽ ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനങ്ങളുടെ സമരത്തെ ക്രിമിനൽവൽക്കരിക്കുകയാണ് ചെയ്യുന്നത് .ഇത് സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള ജനങ്ങളുടെ അവകാശത്തെ പിന്നോട്ടു വലിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ പ്രവണത ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഭരണഘടനാപരമായ ബാധ്യതയാണ് . ജനകീയ സമരങ്ങളിൽ പോലീസിന്റെ അന്യായമായ ഇടപെടലുകൾ ഉടനടി അവസാനിപ്പിച്ചു കൊണ്ട് കേരളസർക്കാർ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കണം.
7. കിഴക്കഞ്ചേരി പഞ്ചായത്തിൽ ജിയോളജി വകുപ്പിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന 5 പാറമടകളാണ് ഉള്ളതെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖ പറയുന്നു.എന്നാൽ ഏകദേശം 40 ഓളം ക്വാറികൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നതായിട്ടാണ് ജനങ്ങൾ പറയുന്നത്. കിഴക്കഞ്ചേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ പാറമടകളെ കുറിച്ചും വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം
                                                                                               
1)അഡ്വ.പി.എ.പൗരൻ (Mob:9446250219)
(പി.യു.സി.എൽ കേരള സംസ്ഥാന ഘടകം സെക്രടറി)


2)ഗ്രോ വാസു (Mob:9847321623)
(എൻ.സി.എച്.ആർ.ഓ)
3)എൻ.സുബ്രഹ്മണ്യൻ (Mob: 9497881489)
(കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാർഡ്യ സമിതി കണ്‍വീനർ)


4)ഡോ.പി.ജി.ഹരി (Mob:9497644147)
(മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകൻ)
5)യാമിനി പരമേശ്വരൻ (Mob:9400323871)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തക,ഡോക്യുമെന്ററി സംവിധായക)


6)സുരേഷ് നാരായണൻ (Mob:8547894751)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ  , ഡോക്യുമെന്ററി സംവിധായകൻ)
7)അനിൽകുമാർ (Mob: 9947450453)
(സെന്റർ ഫോർ ഹ്യുമണ്‍ റൈറ്റ്സ് ആൻഡ്‌ ഡെമോക്രസി )


8)അംബിക(Mob: 9400058466)
(മനുഷ്യാവകാശ-സ്ത്രീപക്ഷ പ്രവർത്തക)
9)പ്രശാന്ത് സുബ്രഹ്മണ്യൻ (Mob:9539761323)
(സെന്റർ ഫോർ ഹ്യുമണ്‍ റൈറ്റ്സ് ആൻഡ്‌ ഡെമോക്രസി )


10)ജോളി ചിറയത്ത് (Mob:9995111017)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
11)വി.സി.ജെന്നി (Mob:9946491847)
(വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം)


12)തസ്നിബാനു (Mob: 9645570106)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
13)കാർത്തികേയൻ (Mob: 9387768532)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ)


14)സ്വപ്നേഷ് ബാബു (Mob:9446889433)
(ഞാറ്റുവേല സാംസ്കാരിക വേദി)
15)ദിലീപ്.വി (Mob: 9995658089)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)


16)ജെയ്സണ്‍.സി.കൂപ്പർ (Mob:9037372890)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
17)പ്രശാന്ത്‌ ശാർങ്ഗ്ഗധരൻ (Mob:9895414451)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)


18)പി.ജെ.മാനുവൽ (Mob:9495769510)
(പോരാട്ടം)
19)ഉമ.എം.എൻ  (Mob: 9961467792)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)